ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം
50 കൊല്ലങ്ങള്‍ക്ക് മുമ്പ് വെങ്ങപ്പള്ളിദേശം എന്ന പ്രദേശം വൈത്തിരി താലൂക്കിൽ പെട്ട തരിയോട് വില്ലേജിന്‍റെ ഒരു ഭാഗമായിരുന്നു. വില്ലേജ് പുന:സംഘടന നടന്നപ്പോള്‍ തൊട്ടടുത്ത കോട്ടത്തറ വില്ലേജിലെ തെക്കുംതറ ദേശവും തരിയോട് വില്ലേജിലെ വെങ്ങപ്പള്ളി ദേശവും ചേര്‍ത്ത് വെങ്ങപ്പള്ളി വില്ലേജ് രൂപപ്പെട്ടു. തെക്കുംതറ അന്ന് ഒരു പഞ്ചായത്തിന്‍റെയും ഭാഗമായിരുന്നില്ല. പിന്നീട് കോട്ടത്തറ പഞ്ചായത്ത് രൂപീകരിക്കപ്പെടുകയും അതില്‍ കോട്ടത്തറ, കുപ്പാടിത്തറ എന്നീ വില്ലേജുകള്‍ക്കൊപ്പം വെങ്ങപ്പള്ളി വില്ലേജ് ഉള്‍പ്പെട്ടു. കോട്ടത്തറയിലെ വെണ്ണിയോട് എന്ന സ്ഥലമായിരുന്നു പഞ്ചായത്ത് ആസ്ഥാനം. ശ്രീ. എം. എ. ധര്‍മ്മരാജയ്യരായിരുന്നു ആദ്യ പ്രസിഡണ്ട് സര്‍വ്വ ശ്രീ. എന്‍. ടി. കുഞ്ഞിരാമന്‍ നായര്‍, ചുള്ള്യാണ ജോസഫ്, കുനിയില്‍ അഹമ്മദ് ഹാജി, പി. സി. മാധവന്‍ നായര്‍, വള്ളി ഇബ്രായി ഹാജി, പുലയ സമുദായത്തില്‍ പെട്ട ശ്രീധരന്‍, ശ്രീമതി. മേരിക്കുട്ടി എന്നിവര്‍ മെമ്പര്‍മാരായിരുന്നു. ശ്രീ. ധര്‍മ്മരാജയ്യരുടെ രാജിയെതുടര്‍ന്ന് ശ്രീ. ചുള്ള്യാണ ജോസഫ് പ്രസിഡണ്ടായി. ഉപ തിരഞ്ഞെടുപ്പില്‍ കരിങ്കുറ്റി ശ്രീ. ചന്ദ്രപ്രഭ തിരഞ്ഞെടുക്കപ്പെട്ടു.വീണ്ടും പഞ്ചായത്ത് പുന:സംഘടന നടക്കുകയും കോട്ടത്തറ പഞ്ചായത്തിലെ കുപ്പാടിത്തറ വില്ലേജും, തരിയോട് പഞ്ചായത്തിലെ പടിഞ്ഞാറത്തറയും ചേര്‍ന്ന് പടിഞ്ഞാറത്തറ പഞ്ചായത്ത് രൂപീകരിക്കപ്പെടുകയും ചെയ്തു. ശേഷിച്ച കോട്ടത്തറ പഞ്ചായത്തിന്‍റെ പ്രസിഡന്‍റ് ശ്രീ. പി. സി മാധവന്‍ നായരായിരുന്നു. ശ്രീ. വി. കെ. കണാരന്‍ നായര്‍ മെമ്പറായി നോമിനേറ്റ് ചെയ്യപ്പെട്ടു.
ഈ ഘട്ടത്തില്‍ പഞ്ചായത്തിന്‍റെ ആസ്ഥാനം പഞ്ചായത്തിന്‍റെ ഒരറ്റത്തു സ്ഥിതി ചെയ്യുന്ന വെണ്ണിയോട് നിന്ന് മാറ്റി മദ്ധ്യഭാഗത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതു ജനാഭിപ്രായം രൂപം കൊണ്ടു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ ഗവണ്‍മെന്‍റ് തലത്തില്‍ പിരിശോധിക്കപ്പെടുകയും അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. അവുക്കാദര്‍ കുട്ടി നഹ കോട്ടത്തറ പഞ്ചായത്ത് വിഭജിച്ച് വെണ്ണിയോട് ആസ്ഥാനം നിലനിര്‍ത്തി കോട്ടത്തറ പഞ്ചായത്തും തെക്കുംതറ ആസ്ഥാനമാക്കികൊണ്ട് വെങ്ങപ്പള്ളി പഞ്ചായത്തും രൂപീകരിക്കുവാന്‍ അനുമതി നല്‍കി. അങ്ങനെ കേരളത്തിലെ ഏറ്റവും ചെറിയ പഞ്ചായത്തുകളിലൊന്നായ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നു. ശ്രീ. പുനത്തില്‍ മൊയ്തീന്‍ ഹാജിയായിരുന്നു നോമിനേറ്റഡ് പ്രസിഡന്‍റ്. സര്‍വ്വശ്രീ. പി. സി. മാധവന്‍ നായര്‍ (വൈസ് പ്രസിഡന്‍റ്), പക്കര്‍ ഹാജി, പി. എം. വര്‍ഗ്ഗീസ്, വെള്ളന്‍കുട്ടി, ദാമോധരക്കുറുപ്പ്, ശ്രീമതി. രമാ. കെ. ദാസ് എന്നിവര്‍ അംഗങ്ങളായിരുന്നു.
പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ സര്‍വ്വശ്രീ. പുനത്തില്‍ മൊയ്തീന്‍ ഹാജി (പ്രസിഡന്‍റ്), ടി. പി. നടരാജന്‍ (വൈസ് പ്രസിഡന്‍റ്) എം. കെ. കരുണാകരക്കുറുപ്പ്, ഒ. ടി. കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, പി ഉണ്ണി നായര്‍, നെരോത്ത് അച്ചപ്പന്‍, ശ്രീമതി. എസ്. എം സാബിറ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇവരുടെ കാലാവധിക്കുശേഷം വീണ്ടും തെരഞ്ഞെടുപ്പ് നടക്കുകയും സര്‍വ്വശ്രീ. കെ. ഭാസ്കരന്‍ നായര്‍ (പ്രസിഡന്‍റ്) പുനത്തില്‍ മൊയ്തീന്‍ ഹാജി (വൈസ് പ്രസിഡന്‍റ്), എം. പി. പത്മനാഭന്‍ നായര്‍, എ. ടി. കുര്യന്‍, യു. വേണുഗോപാലന്‍, എം. തെയ്യത്ര, ശ്രീമതിമാര്‍, കെ. പങ്കജാക്ഷി അമ്മ, കെ. എം. ആയിഷ എന്നിവര്‍ ഭരണ സാരഥ്യം വഹിച്ചു. ഈ സമിതിയുടെ കാലത്ത് പഞ്ചായത്തിന്‍റെ ആസ്ഥാനം മൂരിക്കാപ്പ് എന്ന സ്ഥലത്തേക്ക് മാറ്റുകയും അവിടെ നിന്ന് സംഭാവനയായി ലഭിച്ച സ്ഥലത്ത് പഞ്ചായത്തിന് സ്വന്തമായി കെട്ടിടം പണിയുകയും ചെയ്തു.
ഏറ്റവും ഒടുവിലായി ഭരണഘടനയുടെ 73 ാം ഭേദഗതിയുടെ ഫലമായി പഞ്ചായത്ത് രാജ് സംവിധാനം നിലവില്‍ വരുകയും വീണ്ടും തെരഞ്ഞെടുപ്പ് നടന്ന് 1995 ല്‍ ഒക്ടോബര്‍ 2 - ന് പുതിയ ഭരണ സമിതി അധികാരം ഏല്‍ക്കുകയും ചെയ്തു. ശ്രീമതി. ഒ. സി. രാധ പ്രസിഡന്‍റും, ശ്രീ. പി. ഉസ്മാന്‍ വൈസ്പ്രസിഡന്‍റും, ശ്രീ. കെ. ഭാസ്കരന്‍ നായര്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു. സര്‍വ്വശ്രീ. പി. പി സദാനന്ദന്‍, പള്ളിക്കണ്ടി അബൂബക്കര്‍ ഹാജി, ശ്രീമതിമാര്‍ പി. ആര്‍. സരസ്വതി, കെ. കെ സുലേഖ, ഒ. സി ദേവകി എന്നിവര്‍ മെമ്പര്‍മാരായിരുന്നു. എന്നാല്‍ ശ്രീ. കെ. ഭാസ്കരന്‍ നായരുടെ ആകസ്മികമായ നിര്യാണത്തെതുടര്‍ന്ന് ശ്രീ. പി. പി സദാനന്ദനാണ് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനായി.
ഒരു കാലത്ത് വെങ്ങപ്പള്ളി നായര്‍, പനിച്ചാടത്ത് നായര്‍, ഒരവുമ്മല്‍ നായര്‍, കരിങ്കുറ്റി ഗൗഡര്‍, കാച്ചാനോട്ട് ദേവസ്വം, തേതണ ദേവസ്വം, പുല്ലന്‍ഞ്ചേരി ദേവസ്വം, പുനത്തില്‍ അഹമ്മദ് ഹാജി എന്നിവരായിരുന്നു ഇവിടുത്തെ ഭൂവുടമകള്‍. എന്നാല്‍ ഭൂപരിഷ്കരണ നിയമം നടപ്പില്‍ വന്നതോടുകൂടി ജന്‍മി കുടിയാന്‍ വ്യവസ്ഥ അവസാനിക്കുകയും പാട്ടകുടിയാന്‍മാരെല്ലാം കൈവശസ്വത്തിന്‍റെ ഉടമകളാവുകയും ചെയ്തു. ഇവര്‍ക്ക് ലാന്‍റ് ട്രൈബ്യൂണലുകള്‍ മുഖേന പട്ടയങ്ങള്‍ ലഭിച്ചു. കാര്‍ഷിക മേഖലയില്‍ ഉണര്‍വും താല്‍പര്യവും വളര്‍ത്തുന്നതിന് ഭൂപരിഷ്കരണ നിയമം ഏറെ പ്രയോജനപ്പെട്ടു. എന്നാല്‍ 70 കളില്‍ നടന്ന റീ സര്‍വ്വേ പ്രവര്‍ത്തനങ്ങളില്‍ വന്ന ചില അപാകതകള്‍ നിമിത്തം വില്ലേജ് റിക്കാര്‍ഡുകളില്‍ ഭൂരിഭാഗം സ്ഥലങ്ങളുടെയും ജന്‍മാവകാശം ഇപ്പോഴത്തെ കൈവശക്കാരുടെ പേരിനുപകരം പഴയ ജډികളുടെ പേരിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തډൂലം കൈവശഭൂമിയുടെ ക്രയവിക്രയങ്ങള്‍ക്കും ഭൂപണയ കടങ്ങള്‍ എടുക്കുന്നതിനും മറ്റും കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ചില്ലറയല്ല. റീ സര്‍വ്വേ റിക്കാര്‍ഡുകളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിന് കൈവശക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായികൊണ്ടിരിക്കുന്ന നിവേദനങ്ങളില്‍ ഭൂരിഭാഗവും തീര്‍പ്പു കല്‍പ്പിക്കപ്പെടാതെ കിടക്കുകയാണ്. ഈ സ്ഥിതിക്ക് അടിയന്തിരമായും പരിഹാരം ഉണ്ടാവേണ്ടതുണ്ട്.
പഴമയും ജീവിത രീതിയും
പഞ്ചായത്ത് നിവാസികളില്‍ ഹിന്ദു, ഇസ്ലാം, ക്രൈസ്തവ മതങ്ങളില്‍പ്പെട്ടവരാണ് ഭൂരിഭാഗവും. ജനസംഖ്യയില്‍ 30 ശതമാനത്തിന് മുകളില്‍ കുറിച്യ, പണിയ വിഭാഗങ്ങളില്‍പ്പെടുന്ന പട്ടിക വര്‍ഗ്ഗക്കാരാണ്. ഏതാനും നായ്ക്കന്‍മാരും, മുള്ളക്കുറുമരും കൂടി ഇവിടുത്തെ നിവാസികളാണ്. വളരെ സൗഹാര്‍ദ്ദത്തോടുകൂടിയാണ് ഇവിടുത്തെ മതവിഭാഗങ്ങള്‍ പെരുമാറുന്നത്. കുറിച്ച്യ സമുദായക്കാരില്‍ ഭൂരിഭാഗവും മരുമക്കത്തായ വ്യവസ്ഥയാണ് തുടര്‍ന്ന് വന്നിരുന്നത്. “പിട്ടൻ” എന്നറിയപ്പെടുന്ന കാരണവരാണ് കുടുംബനാഥന്, ‘മിറ്റ’ ത്തിലെ (വീട്ടിലെ) ബാക്കി അംഗങ്ങള്‍ പിട്ടന്‍റെ നിയന്ത്രണത്തില്‍ കാര്‍ഷികവൃത്തിയിലും, നായാട്ടിലും, മീന്‍പിടുത്തത്തിലും മറ്റും ഏര്‍പ്പെട്ട് ഉപജീവനം നടത്തി വന്നു. മുമ്പു കാലങ്ങളില്‍ സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യുന്നതിനു പുറമെ ജډിമാരുടെ തരിശ് ഭൂമികള്‍ കാടു തെളിച്ച് മുത്താറി, ചാമ, തിന മുതലായ കാലികകൃഷികള്‍ ചെയ്യുമായിരുന്നു. പൊതുവെ സത്യസന്ധരും ഈശ്വരവിശ്വാസികളും അദ്ധ്വാനികളുമായിരുന്ന കുറിച്ച്യര്‍ വയനാട്ടിലെ ആദിവാസി വിഭാഗത്തില്‍ ഏറെ മുന്‍പന്തിയില്‍ തന്നെയാണ്.
ജനസംഖ്യാവര്‍ദ്ധനയും 1940-60 കാലഘട്ടത്തില്‍ മദ്ധ്യ തിരുവിതാംകൂര്‍ ഭാഗത്തു നിന്നുണ്ടായ കുടിയേറ്റവും കാരണം തരിശുഭൂമികളെല്ലാം കൃഷിയിടങ്ങളായി മാറിയതുകൊണ്ട് പഴയതുപോലെ പറമ്പ് ചെത്തി മുത്താറിയും മറ്റും ഉണ്ടാക്കുന്നതിന് മറ്റുള്ളവരുടെ ഭൂമി കിട്ടാനില്ലാത്ത സാഹചര്യം ഉണ്ടായി. തന്‍മൂലം സ്വന്തം ഭൂമിയില്‍ മാത്രം ഉള്ള കൃഷികൊണ്ട് ഇവര്‍ക്ക് ജീവിക്കേണ്ട അവസ്ഥ വന്നു. വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ കൈവശഭൂമി കുറേശ്ശയായി മറ്റുള്ളവര്‍ക്ക് വില്‍ക്കുവാനും ഇവര്‍ നിര്‍ബന്ധിതരായി. വിദ്യാഭ്യാസത്തിന്‍റെ അഭാവം ആദ്യകാലങ്ങളില്‍ ഭൂമി ഇടപാടുകളിലും മറ്റും കബളിക്കപ്പെടലിന് സാഹചര്യം ഒരുക്കിയിട്ടുണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാല്‍ ഇന്ന് നിയമത്തിന്‍റെ സംരക്ഷണവും, വിദ്യാഭ്യാസവും സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലങ്ങളും ഈ അവസ്ഥയ്ക്ക് വളരേയെറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് ഓടമൂട്ടില്‍, നിരവത്ത്, കുറിഞ്ഞിമ്മല്‍, നാട്ടിപ്പാറ, ഓടയോട്ടുമ്മല്‍, കള്ളന്‍തോട് എന്നിവയാണ് ഈ പഞ്ചായത്തിലെ പ്രധാന കുറിച്ച്യ മിറ്റങ്ങള്‍.
പണിയ വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ പാരമ്പര്യമായി കാര്‍ഷിക തൊഴിലാളികളായിരുന്നു. സ്വന്തമായി ഭൂമി സമ്പാദിക്കുന്നതിലോ കൃഷിചെയ്യുന്നതിലോ അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ജൻമിമാരുടെ കൃഷിയിടങ്ങളില്‍ ഓരോ കൊല്ലത്തെ അവധിക്ക് ജോലിക്ക് നിന്ന് ഉപജീവനം കഴിക്കലായിരുന്നു ഇവരുടെ പതിവ്. ഓരോ കൊല്ലവും വിഷുവിന് നില്‍പുപണവും വല്ലിയും വാങ്ങി പണിക്ക് നിന്നാല്‍ അടുത്ത വിഷു വരെ അതേ ജൻമിയുടെ കീഴില്‍ മാത്രമേ ജോലിചെയ്യുവാന്‍ ഇവര്‍ക്ക് അവകാശമുണ്ടായിരുന്നുള്ളൂ. ചില ജന്‍മിമാർ തങ്ങളുടെ പണിയരെ തലപ്പാട്ടം നിശ്ചയിച്ച് പണിക്കാരെ ആവശ്യമുള്ള ആളുകള്‍ക്ക് കൊടുക്കുന്ന പതിവ് മുമ്പുണ്ടായിരുന്നു. ഇതുസംബന്ധമായി മുളയില്‍ എഴുതി സൂക്ഷിച്ച മുളങ്കരണങ്ങള്‍ എന്നറിയപ്പെടുന്ന ചില രേഖകള്‍ വായിച്ചതായി ഈ പ്രദേശത്ത് ചില പൗരമുഖ്യന്‍മാരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. ഭൂപരിഷ്കരണ നിയമം നടപ്പില്‍ വന്നതിന് തുടര്‍ന്നുണ്ടായ കുടികിടപ്പവകാശം പണിയര്‍ക്ക് സ്വന്തമായി ഭൂമിയും വീടുകളും ലഭിക്കുന്നതിന് വളരെ സഹായിച്ചിട്ടുണ്ട്.
വയനാട്ടിലെ നടവയല്‍, പുല്‍പ്പള്ളിപോലുള്ള സ്ഥലങ്ങളില്‍ കേരളത്തിന്‍റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുണ്ടായ കുടിയേറ്റത്തിന്‍റെ ഫലമായി കാര്‍ഷിക മേഖലയില്‍ ഉണ്ടായ പുരോഗതിയുടെ അലയടി വെങ്ങപ്പള്ളിയിലും ഉണ്ടായി. ഇവിടെ കുടിയേറ്റക്കാര്‍ കുറവാണെങ്കിലും കുടിയേറ്റ സംസ്കാരം ഇവിടെയുള്ള ജനങ്ങളിലേക്കും വ്യാപിപ്പിക്കുവാനുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്.
വെങ്ങപ്പള്ളിയുടെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ച് പറയുമ്പോള്‍ ഇവിടുത്തെ സാമൂഹ്യ സാംസ്കാരിക മേഖലയില്‍ വിലപ്പെട്ട സംഭാവനകള്‍ നടത്തിയ ധാരളം വ്യക്തികളെക്കുറിച്ച് അനുസ്മരിക്കേണ്ടതുണ്ട്.. തെക്കും തറയിലെ അമ്പലപ്പടിക്കല്‍ എടച്ചന കുഞ്ഞിരാമന്‍ നായര്‍ പ്രത്യേകം സ്മരിക്കപ്പെടേണ്ട വ്യക്തിയാണ്. 50 കൊല്ലങ്ങള്‍ക്കു മുമ്പ് അജ്ഞതയുടെ അന്ധകാരം നിറഞ്ഞു നിന്ന ഈ പ്രദേശത്ത് വിജ്ഞാനത്തിന്‍റെ ദീപം കൊളുത്തിക്കൊണ്ട്. അദ്ദേഹം ആരംഭിച്ച സ്ഥാപനമാണ് അമ്മാ സഹായം യു. പി. സ്കൂള്‍. ആദിവാസി മേഖലയില്‍ ഗവണ്‍മെന്‍റ് പദ്ധതികള്‍ ആരംഭിക്കുന്നതിന് എത്രയോ മുമ്പ്, 1950 കാലങ്ങളില്‍, വിനോബ ബാവയുടെ ഭൂതാന പ്രസ്ഥാനത്തില്‍ പങ്കുചേര്‍ന്ന് 15 ഏക്കര്‍ സ്വന്തം ഭൂമി ദാനമായി ആദിവാസികള്‍ക്ക് നല്‍കുകയും അവിടെ സ്വന്തം ചിലവില്‍ ഓടിട്ട വീടുകള്‍ നിര്‍മ്മിച്ച് നല്‍കുകയും ഉണ്ടായി. കൂടാതെ തെക്കുംതറയില്‍ ഒരു ഭൂതാന സമിതി രൂപീകരിക്കുകയും പലരില്‍ നിന്നും ഭൂമി ദാനമായി സ്വീകരിച്ച് ഭൂരഹിതരായ ആദിവാസികള്‍ക്ക് വിതരണം ചെയ്യുകയുമുണ്ടായി. തെക്കുംതറയില്‍ ഇന്നുള്ള സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് അദ്ദേഹം നല്‍കിയ സംഭാവന വളരെ വലുതാണ്. ഈ പഞ്ചായത്തിലെ പ്രധാനപ്പെട്ട പിണങ്ങോട് കമ്പളക്കാട് റോഡ് 1956 എല്‍. ഡി. സ്കീമില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്. വിദ്യാഭ്യാസ മേഖലയില്‍ പിണങ്ങോട് യു. പി സ്കൂള്‍ സ്ഥാപിക്കുന്നതിന് ശ്രീ. പുനത്തില്‍ മുഹമ്മദ് ഹാജിയും മൂരിക്കാപ്പ് ഹരിജന്‍ വെല്‍ഫയര്‍ സ്കൂള്‍ ആരംഭിക്കുന്നതിന് ശ്രീ. ടി. എ ഗണപതി അയ്യരും വഹിച്ച പങ്കും എടുത്ത് പറയേണ്ട കാര്യമാണ്. കൂടാതെ പഞ്ചായത്തിലേക്ക് വൈദ്യുതി എത്തിക്കുന്നതില്‍ ശ്രീ. സി. കെ. കുഞ്ഞബ്ദുല്ല ഹാജിയും, വാര്‍പ്പ് കെട്ടിട നിര്‍മ്മാണ മേഖയില്‍ ശ്രീ. സി. കെ മമ്മു ഹാജിയും വഹിച്ച പങ്കും ശ്ലാഘനിയമാണ്. അമ്മാസഹായം സ്കൂളിനും വെങ്ങപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും മൃഗാശുപത്രി എന്നിവയ്ക്കും ആവശ്യമായ സ്ഥലം സംഭാവന ചെയ്ത ശ്രീ. മാധവമേനോന്‍ന്‍റെ നാമധേയവും ഇത്തരുണത്തില്‍ സ്മരണീയമാണ്. വെങ്ങപ്പള്ളി വില്ലേജ് ആഫീസ് വാടക കൂടാതെ ആദ്യം പ്രവര്‍ത്തിച്ചിരുന്നത് നൊട്ടന്‍ വീട്ടില്‍ ശ്രീ. നരസിംഹന്‍ എമ്പ്രാന്തിരിയുടെ ഭവനത്തിലായിരുന്നു. ആദ്യ കാലങ്ങളില്‍ വാടക കെട്ടിടങ്ങളൊന്നുമില്ലാതിരുന്നതിനാല്‍ മറ്റു സ്ഥലങ്ങളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥന്‍മാര്‍ താമസിച്ചു പോന്നത് സാധാരണ കുടുംബങ്ങള്‍ക്കൊപ്പമായിരുന്നു. പഞ്ചായത്തിന് സ്വന്തം ഫണ്ട് കുറവായിരുന്ന കാലങ്ങളിൽ പ്രസിഡന്റായിരുന്ന പുനത്തിൽ മൊയ്തീൻഹാജിയുടെ നേതൃത്വത്തിൽ നടത്തിയ കഠിന പരിശ്രമങ്ങളാണ് ഇന്ന് നാം കാണുന്ന പിണങ്ങോട് മിനി സ്റ്റേഡിയവും ഫാമിലി ഹെൽത്ത് സെന്ററും വിവിധ സബ് സെന്ററുകളുമെല്ലാം. പിണങ്ങോട് പുഴക്കൽ പാലവും പുഴമുടി പാലവും നിർമ്മിക്കുന്നതിൽ അദ്ദേഹത്തിന്റെ നേതൃത്വം വലിയ ത്യാഗം സഹിച്ചിട്ടുണ്ട്.വയനാട് ഓർഫനേജ് ഹയർസെക്രണ്ടറി സ്കൂള്‍ നിൽകുന്നത് മൊയ്തീൻ ഹാജിയുടെ കുംടുംബ ഭൂമിയിലാണ്. വളരെ പിന്നോക്കം നിന്ന ഈ പ്രദേശത്തിന്‍റെ പടിപടിയായ വളര്‍ച്ചയില്‍ സംഭാവന നല്‍കിയ ഒട്ടനവധി ആളുകളുടെ പേരുകള്‍ ഇനിയും സ്മരിക്കപ്പെടുവാനുണ്ടെങ്കിലും വിസ്താര ഭയത്താല്‍ അതിന് തുനിയുന്നില്ല.
ഭൂപ്രകൃതിയും ഭൂവിനിയോഗവും
വയനാട് ജില്ലയിലെ വൈത്തിരി താലൂക്കില്‍ ഉള്‍പ്പെട്ട പഞ്ചായത്താണ് വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത്. 21.06 ച.കി.മി വിസ്തൃതിയുള്ള ഈ പഞ്ചായത്ത് ഭൂമി ശാസ്ത്രപരമായി ചെറുകുന്നുകളും ,നെല്‍പാടങ്ങളുമായാണ് സ്ഥിതി ചെയ്യുന്നത്. ഭൂമിയുടെ പ്രതലത്തില്‍ തന്നെ കരിങ്കല്ലുകള്‍ ധാരളമുള്ള പ്രദേശം കൂടിയാണ്. നെല്‍പാടങ്ങളുടെ കേന്ദ്രമായിരുന്ന വെങ്ങപ്പള്ളി പിന്നിട് വാഴപോലുള്ള കൃഷിക്ക് നെല്‍പാടങ്ങള്‍ വഴിമാറി. കാപ്പി കൃഷിയാണ് പ്രധാന കൃഷി . വലിയ കുന്നുകള്‍ ഇല്ലാത്തതിനാല്‍ ഉരുള്‍പ്പൊട്ടല്‍ ഭീഷണിയില്ലാത്ത പഞ്ചായത്താണ് നമ്മുടേത്. പാരിസ്ഥിതിക അനുമതി ലഭിച്ച 4ഓളം ക്വാറികള്‍ പ്രവർത്തിക്കുന്നതിനാല്‍ പാരിസ്ഥിതിക പ്രശ്നം ഉണ്ടകുന്നുണ്ട്.
ഭൂവിനിയോഗം
നമ്മുടെ പഞ്ചായത്തില്‍ ഏതാണ്ട് എല്ലാ പ്രദേശങ്ങളും രീതിയിലുള്ള കൃഷിയുള്ളതാണ്. തീരെ കൃഷി ചെയ്യാൻ കഴിയാത്ത പ്രദേശങ്ങള്‍ വളരെ വിരളമാണ്. 18018 ഹെക്ടർ കൃഷിഭൂമിയും ഇതില്‍ 700 ഹെക്ടർ കാപ്പി, 70 ഹെക്ടർ നെല്‍കൃഷി, 150 ഹെക്ടർ തെങ്ങ്, 200 ഹെക്ടർ കവുങ്ങ്, 400 ഹെക്ടർ വാഴ, 50 ഹെക്ടർ റബ്ബർ,80 ഹെക്ടർ ഇഞ്ചി, 15 ഹെക്ടർ പച്ചകറി ബാക്കി ഭാഗം തരിശായും പാറയുള്ളതിനാല്‍ കൃഷിയോഗ്യമല്ലാത്തതുമായ സ്ഥലങ്ങളാണ്.കവുങ്ങ് കൃഷിയില്‍ രോഗങ്ങള്‍ കാരണം കുറവും വന്നിട്ടുണ്ട്.
ക്വാറി പ്രവർത്തനങ്ങള്‍ കാരണം കുറെ ഹെക്ടർ കാപ്പിത്തോട്ടം കൃഷിയോഗ്യമല്ലാതായിട്ടുണ്ട്. ഇങ്ങനെയാണ് വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിലെ ഭുവിനിയോഗത്തിന്റെ അവസ്ഥ